പ്രവാസികളെ തിരിച്ചെത്തിക്കൽ – ഈ മെല്ലെപ്പോക്ക് ദുരിതകയങ്ങളിലാഴ്ത്തും

നാട്ടിൽ ജൂൺ മാസത്തോടെ മഴ കനക്കും. അതോടെ അവിടെയും കാര്യങ്ങൾ വിചാരിച്ച മട്ടിലാകണമെന്നില്ല. ഈ വർഷവും ഒരു പ്രളയ സാധ്യത തള്ളാനാകില്ല. മുന്നറിയിപ്പുകൾ വന്നുകഴിഞ്ഞു. അങ്ങനെയായാൽ പിന്നെ സർക്കാരിന് മടങ്ങി വരുന്നവരുടെ കാര്യം ഇപ്പോഴുള്ള പോലെ നോക്കാനും സാധിച്ചുകൊള്ളണമെന്നില്ല

അബ്ദുറബ്ബ് ചേന്ദമംഗല്ലൂർ

ഏറെ നാളത്തെ ഒച്ചപ്പാടുകൾക്കും സങ്കടഹരജികൾക്കുമൊടുവിൽ പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യം നമ്മുടെ രാജ്യം ആരംഭിചിട്ട് പത്തു ദിവസം പിന്നിടുന്നു. കുറച്ചുപേർ നാട്ടിലെത്തി. ഈ ‘തിരിച്ചെത്തിക്കൽ’ ഇപ്പോഴും വേണ്ട വിധത്തിലായിട്ടില്ല! ഇഴഞ്ഞിഞ്ഞാ ണ് വന്ദേ ഭാരത് ദൗത്യം നീങ്ങുന്നത്. തിരിച്ചെത്താൻ കാത്തിരിക്കുന്ന അത്യാവശ്യക്കാരുടെ പട്ടിക നാട്ടിൽ നിന്ന് വിധിയെഴുതുന്നതിനെക്കാൾ എത്രയോ നീണ്ടതാണ്.

ഈ നിലക്കാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെങ്കിൽ അടുത്ത മാസങ്ങളിലൊന്നും അത്യാവശ്യക്കാരെ കൊണ്ടുപോകുന്ന ദൗത്യം പൂർത്തിയാകാനിടയില്ല. അതേസമയം സ്ഥിഗതികൾ ഇനിയും വഷളാകാനും ഇടയുണ്ട്. സംശയമുള്ളവർക്ക് സർക്കാരിന്റെ പക്കലും മാധ്യമങ്ങളുടെ പക്കലുമുള്ള കണക്കുകളൊന്ന് നോക്കിയാൽ മതി.

ഏകദേശം 2700ൽ താഴെ പേർ മാത്രമാണ് ആദ്യഘട്ടത്തിൽ ഗൾഫിൽ നിന്ന് നാടണഞ്ഞത്. അതിൽ തന്നെ പലരും സ്വാധീനമുപയോഗിച്ച് കയറിക്കൂടിയവരും! അത്യാവശ്യക്കാർ പലരും ഇവിടെ തന്നെ കുടുങ്ങി കഴിയുന്നു. മെയ് 16നും 23നും ഇടയിൽ പ്രഖ്യാപിച്ച 30 വിമാനങ്ങൾ കേരളത്തിലേക്ക് പറന്നാലും നാട്ടിലെത്തുന്നത് വെറും 5100 ഓളം ആളുകൾ മാത്രമായിരിക്കും!

നോർക്കയുടെ കണക്ക് പ്രകാരം 1,69,136 പേർക്കാണ് അടിയന്തരമായി നാട്ടിലെത്തെണ്ടത്. തിരിച്ചുപോകാൻ മൊത്തം രജിസ്റ്റര്‍ ചെയ്തവരാകട്ടെ 4.42 ലക്ഷം പേരും. സജീവമായി അടിത്തട്ടിൽ പ്രവർത്തിക്കുന്ന വിവിധ ഗൾഫ് രാജ്യങ്ങളിലെ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെടുമ്പോൾ അറിയാൻ കഴിയുന്നത് രജിസ്റ്റർ ചെയ്തവരിൽ 80,000 ത്തോളം പേരെങ്കിലും അടിയന്തിരമായി നാട്ടിലെത്തേണ്ടവരാണ് എന്നാണ്. അതായത് ഇവിടെ തുടരുന്ന ഓരോ ദിവസവും ആരോഗ്യപരമായും സാമ്പത്തികമായും മാനസികമായും പ്രതിസന്ധി നേരിടുന്നവർ. നിലവിലുള്ള വേഗത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഈ 80000 പേർ നാട്ടിലെത്തണമെങ്കിൽ ഇനിയും നാലു മാസമെങ്കിലുമെടുക്കും! അപ്പോഴേക്കും കഥ മാറും. ദുരിതങ്ങൾ കൂടും.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്‍റെ ഭാഗമായി മാതാപിതാക്കളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, വൃദ്ധർ, വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവർ ഈ പറഞ്ഞ എത്രയും പെട്ടെന്ന് പോകേണ്ടവരാണ്. ആദ്യ വിമാനങ്ങളിൽ തന്നെ നാട്ടിലേക്കയക്കേണ്ടിയിരുന്നത് ഇവരായിരുന്നു. എന്നാൽ അവിടെയും പിഴവുകൾ പറ്റി. കയറിപോകേണ്ടവർ എംബസ്സിയിലും എയർ ഇന്ത്യ ഓഫീസുകളിലും കയറി ഇറങ്ങുന്നതിനടയിൽ ഇതിലൊന്നും പെടാത്ത ഒരുപാട് വിരുതന്മാർ നിശബ്ദരായി കയറിപ്പോയി. കുവൈത്തിലും ഖത്തറിലും നിന്നടക്കം ഇപ്പോഴും അങ്ങനെ ചില -മഹാന്മാർ- സ്ഥാനം പിടിക്കുന്നു!

നാട്ടിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കൂട്ടുകയാണ് കേന്ദ്രം അടിയന്തിരമായി ചെയ്യേണ്ടത്. തിരിച്ചെത്തുന്നവർക്ക് അവശ്യമായ ക്വാറന്റൈൻ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുള്ള കേരളം പോലുള്ള ഇടങ്ങളിലേക്ക് അത് സാധ്യവുമാണ്. കേരളത്തിലെ നാല് എയർപോർട്ടുകളിലേക്കും ഗൾഫ് രാജ്യങ്ങളിലെ പ്രധാന എയർപോർട്ടുകളിൽ നിന്നും നിത്യവും ഓരോ വിമാനങ്ങൾ പറപ്പിക്കാനുള്ള ‌സംവിധാനമൊരുക്കണം .

ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് നിത്യവും ഓരോ വിമാനങ്ങൾ വീതം തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂർ എയർപോർട്ടുകളിലേക്കു സർവീസ് നടത്തണം. സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്; യു.എ.ഇ യിലെ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നായി ഓരോ വിമാനങ്ങൾ വീതവും ഒരുക്കണം . ഇതിന് വേണമെന്നുണ്ടെങ്കിൽ ഗൾഫിലെ വിമാനകമ്പനികളുടെ സഹായവും കേന്ദ്രസർക്കാരിന് തേടാവുന്നതാണ്.

ഇങ്ങനെയാകുമ്പോൾ ദിനേനെ 8 വിമാനങ്ങൾ വീതം ഓരോ എയർപോർട്ടുകളിലും ഇറങ്ങും. നാല് എയർപോർട്ടുകളിലായി 32 വിമാനങ്ങൾ. ദിവസവും ചുരുങ്ങിയത് 5600 പേർ വീതം നാട്ടിലെത്തും. സൗദിയിൽ നിന്നും യു.എ.ഇ.യിൽ നിന്നും ജംബോ വിമാനങ്ങൾ പറപ്പിച്ചാൽ കൂടുതൽ വേഗത്തിലാകും. ഇങ്ങനെയായാൽ ആദ്യത്തെ രണ്ടാഴ്ച കൊണ്ട് 448 തവണ പറന്നു ആറു ഗൾഫ് രാജ്യങ്ങളിൽ നിന്നായി 80,000 ത്തോളം പേർക്ക് നാട്ടിലെത്താനാകും.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരുമ്പോഴുള്ള എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവർത്തിച്ച് ഉറപ്പു തരുന്നുണ്ട്. മെയ് ആദ്യവാരത്തോടെ തന്നെ 1 .63 ലക്ഷം പേർക്കുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ സർക്കാർ ഏർപെർടുത്തിയ നിലക്ക് എൺപതിനായിരം പേർ എത്തിയാലും അതൊരു ഭാരമാവില്ല. ഓരോ വിമാനങ്ങളിൽ എത്തുന്നവരെയും രണ്ടു മണിക്കൂർ കൊണ്ട് കസ്റ്റംസ്, വൈദ്യ പരിശോധനകൾ തീർക്കാനുള്ള സംവിധാനം അധികമായി ഒരുക്കേണ്ടിവരുമെന്നു മാത്രം.

മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട് – ജനങ്ങളും മാധ്യമങ്ങളും ഇടപെട്ട് വിമാനങ്ങളിൽ സംവരണം ഉറപ്പാക്കുക! എങ്കിലേ അർഹർക്ക് അവസരം ലഭിക്കൂ. ഓരോ ഫ്ലൈറ്റിലും 130 സീറ്റെങ്കിലും മുകളിൽ പറഞ്ഞ വിഭാഗത്തിലുള്ളവർക്കായി സംവരണം ചെയ്യുക. അങ്ങനെയാകുമ്പോൾ ഏതെങ്കിലും കാരണത്താൽ ഒരു വിഭാഗത്തിൽ പെട്ട ആരുടെയെങ്കിലും യാത്ര മുടങ്ങിയാൽ അതെ വിഭാഗത്തിൽ പെട്ട അർഹർക്ക് തന്നെ അടുത്ത ചാൻസ് കിട്ടും. ഇപ്പോൾ അതല്ല നടക്കുന്നത്, ഒഴിവു വരുന്ന സീറ്റുകൾ വേണ്ടപ്പെട്ടവർക്ക് മാറ്റിവയ്ക്കപ്പെടുകയാണ്!

ഒരുദാഹരണത്തിനു നാട്ടിലേക്കുള്ള ഒരു വിമാനത്തിൽ 170 ലധികം പേർ യാത്ര ചെയ്യുന്നുണ്ട് എന്ന് കരുതുക. അതിൽ ചുരുങ്ങിയത് 70 ഗർഭിണികൾക്കെങ്കിലും അവസരം കിട്ടുന്നുണ്ട് എന്ന് എംബസി ഉറപ്പു വരുത്തണം. 70 സീറ്റുകൾ (ചുരുങ്ങിയത് 40 ശതമാനം) ഇവർക്കായി സംവരണം നൽകാനുള്ള ഏർപ്പാടുണ്ടാക്കണം. അതുപോലെ തന്നെ 10 സീറ്റുകൾ രോഗം മൂലം കഷ്ടപെടുന്നവർക്കും അടിയന്തിരമായി തുടർചികിത്സക്കും മറ്റും നാട്ടിൽ പോകേണ്ടവർക്കുമായി മാറ്റിവെക്കണം. ഇനിയൊരു 25 സീറ്റുകൾ വിസിറ്റ് വിസയിൽ കുടുംബങ്ങളെ കാണാനായി എത്തി കുടുങ്ങിപ്പോയ വൃദ്ധർക്കും വിദ്യാർത്ഥികൾക്കുമായിരിക്കണം. മൂന്നുമാസതിലേറെയായി തൊഴിൽ നഷ്ടപ്പെട്ട് കുടുങ്ങിയവർക്കായി 25 സീറ്റുകളും ഉറപ്പാക്കാം. 5 സീറ്റുകൾ എമർജൻസി കേസുകൾക്കായും അടുത്തബന്ധുക്കളുടെ മരണചടങ്ങുകളിൽ പങ്കെടുക്കാനും മറ്റും പോകുന്നവർക്കായും മാറ്റിവെക്കണം.

ഭാര്യ മരിച്ചിട്ടും നാട്ടിൽ പോകാൻ കഴിയാതെ എയർപോർട്ടിൽ വന്നു പൊട്ടിക്കരഞ്ഞു ഒരു സീറ്റിനായി കെഞ്ചിയ പാലക്കാട് സ്വദേശിവിജയകുമാർ മലയാളികളുടെ, പ്രവാസികളുടെയെല്ലാം നോവും നൊമ്പരവുമാണ്. കഴിഞ്ഞ ഒരാഴ്ചയാളമാണ് ഭാര്യയുടെ മൃതദേഹം ഫ്രീസറിൽ വെച്ച് വിജയകുമാറിന്റെ വരവിനായി അവർ കാത്തിരുന്നത്. അങ്ങനെയുള്ള മനുഷ്യർക്ക് ഇടമുറപ്പാക്കാൻ മേൽപ്പറഞ്ഞതുപോലെയുള്ള സംവിധാനം സഹായകരമാവും.

ബാക്കിയുള്ള സീറ്റുകൾ തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ലോക്ക്ഡൗണിന്‍റെ ഭാഗമായി മാതാപിതാക്കളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍ എന്നിവർക്ക് കിട്ടുന്ന വിധത്തിലും മാറ്റിവയ്ക്കാം. ഇപ്പറഞ്ഞ രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞാൽ പരാതികൾ ഒരുപാട് കുറയും. ആവശ്യക്കാർക്ക് സീറ്റ് കിട്ടും.

ഇപ്പോഴങ്ങനെയല്ലേ എന്ന് സംശയം തോന്നുന്നവരുണ്ടാകാം. നിലവിൽ എംബസികൾ ചെയ്യുന്നത് ഓരോരുത്തരും മടക്കയാത്രയ്ക്ക് പറഞ്ഞ കാരണം നോക്കി സീറ്റ് അനുവദിക്കലാണ്. യാത്രക്കാർ കാണിച്ച കാരണം സത്യമാണോ എന്ന പരിശോധന നടക്കുന്നില്ല. സന്നദ്ധ സംഘടനകളുടെയും മാധ്യമങ്ങളുടെയും സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്. ഒന്നോ രണ്ടോ ഫോൺകാളുകൾ കൊണ്ട് ഇത് സാധ്യമാവും.

ഗർഭിണികൾ അവരുടെ കൊച്ചു കുഞ്ഞുങ്ങളോടൊപ്പം നാട്ടിൽ പോകാൻ അപേക്ഷിക്കുമ്പോൾ ഗർഭിണികൾക്ക് മാത്രം സീറ്റ് അനുവദിച്ചു പൊട്ടൻ കളിപ്പിക്കുന്ന ഏർപ്പാടും കാര്യമായി നടക്കുന്നുണ്ട് . കുഞ്ഞുങ്ങളെ ഇവിടെ വിട്ട് മാതാവ് പോകില്ലെന്നുറപ്പാണല്ലോ. അപ്പോൾ ആ സീറ്റ് യാത്രക്കാരില്ല എന്ന കാരണം കാണിച്ചു തങ്ങൾക്ക് ഇഷ്ടപെട്ടവർക്ക് നൽകാനാവും. അതിനായി തങ്ങളുടെ വേണ്ടപ്പെട്ടവരെ വെയ്റ്റിംഗ് ലിസ്റ്റിൽ ഒരുക്കി നിറുത്തിയിട്ടുണ്ടാവും. ഖത്തർ,കുവൈത്ത്,എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള പരാതികൾ ഏറെയും ലഭിക്കുന്നത്.

സുതാര്യമായ, കൃത്യമായ ഒരു പാസഞ്ചർ ഗൈഡ് ലൈൻ യാഥാർത്ഥ്യമാ ക്കുന്നത് തിരിച്ചെത്തിക്കൽ ദൗത്യത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും സഹായിക്കും. തുടക്കത്തിൽ തന്നെ ഒരുപാട് പേർ കുടുംബസമേതം യാതൊരു അത്യാവശ്യവുമില്ലാതെ കടന്നു കളഞ്ഞത് വന്ദേ ഭാരത് ഓപ്പറേഷന്റെ ശോഭ കെടുത്തിയിരുന്നു.

ഇവിടെ ചൂട് കൂടുന്നു, അവിടെ മഴ ശക്തമാകുന്നു…

ഗൾഫിൽ ചൂട് കൂടുകയാണ്. എംബസികളിൽ നിന്നുള്ള വിളിക്ക് കാതോർത്തു എയർപോർട്ടുകളിലേക്ക് കണ്ണുംനട്ടിരിക്കുന്നവരെ ഇനിയും ഇവിടെ വെച്ചിരിക്കുന്നത് ശരിയല്ല. അതവരുടെ ആരോഗ്യത്തെയും മനോനിലയെയും സാരമായി ബാധിക്കും. അതുപോലെ തന്നെയാണ് പൊതുമാപ്പ് ലഭിച്ചു കുവൈത്തിൽ കഴിയുന്നവരുടെ സ്ഥിതിയും. ഇവരിൽ പലരെയും പാർപ്പിച്ചിരിക്കുന്നത് മരുഭൂമിയിലുള്ള ക്യാമ്പുകളിലാണ്. ചൂട് വർധിക്കുന്നതോടെ പ്രശ്നങ്ങൾ ഇരട്ടിയാകും. ജൂൺ പകുതിക്ക് മുമ്പായി കഴിയുന്നത്ര പേരെ നാട്ടിലെത്തിക്കെലാകും ഇവരോട് കാണിക്കുന്ന ഗുണകാംക്ഷ. കാലു പിടിക്കുന്നവരുടെ മുഖത്തു ചവിട്ടരുത് എന്നാണല്ലോ പഴമക്കാർ പറയാറ്.

നാട്ടിൽ ജൂൺ മാസത്തോടെ മഴ കനക്കും. അതോടെ അവിടെയും കാര്യങ്ങൾ വിചാരിച്ച മട്ടിലാകണമെന്നില്ല. ഈ വർഷവും ഒരു പ്രളയ സാധ്യത തള്ളാനാകില്ല. മുന്നറിയിപ്പുകൾ വന്നുകഴിഞ്ഞു. അങ്ങനെയായാൽ പിന്നെ സർക്കാരിന് മടങ്ങി വരുന്നവരുടെ കാര്യം ഇപ്പോഴുള്ള പോലെ നോക്കാനും സാധിച്ചുകൊള്ളണമെന്നില്ല. അതിനാൽ ഇതാണ് സമയം, ഉണർന്നു പ്രവർത്തിക്കേണ്ട സമയം. ഇനിയുള്ള മൂന്നാഴ്ചക്കാലം.
(മാതൃഭൂമിയിൽ നിന്ന് )

Leave a Reply

Your email address will not be published. Required fields are marked *

Call Now Button