ഒലിവ് റിഡ്‌ലി കടലാമകളുടെ കൂടുകള്‍ കണ്ടെത്തി

ഷാർജയുടെ ഈസ്റ്റ് കോസ്റ്റ് എൻക്ലേവ് ഖോർ കൽബയിലെ കൽബ കിംഗ്ഫിഷർ റിട്രീറ്റിലെ കടൽത്തീരത്ത് നിന്ന് ഒരു കടലാമക്കുഞ്ഞ് കടലിലേക്ക് കടക്കുന്നത് അടുത്തിടെ നിരീക്ഷിച്ചതായി EPAA അറിയിപ്പ് പറഞ്ഞു

ഷാർജ, ജൂൺ 16, 2020 (WAM) – യുഎഇയിൽ ഒലിവ് റിഡ്‌ലി കടലാമകൾ പ്രജനനം നടത്തിയതിന്റെ ആദ്യ തെളിവ് ലോക കടലാമ ദിനമായ ഇന്ന് ഷാർജയുടെ പരിസ്ഥിതി, സംരക്ഷിത പ്രദേശ അതോറിറ്റി, EPAA പുറത്തു വിട്ടു.

ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ, IUCN, ‘വൾനറബിൾ’ എന്ന് തരംതിരിക്കുന്ന ഒലിവ് റിഡ്‌ലി കടലാമ ലോകത്തിലെ ആറ് സമുദ്ര കടലാമ ഇനങ്ങളിൽ രണ്ടാമത്തെ ഏറ്റവും ചെറുതും ഏറ്റവും സമൃദ്ധമായി കാണപ്പെടുന്നതുമാണ്..

ഷാർജയുടെ ഈസ്റ്റ് കോസ്റ്റ് എൻക്ലേവ് ഖോർ കൽബയിലെ കൽബ കിംഗ്ഫിഷർ റിട്രീറ്റിലെ കടൽത്തീരത്ത് നിന്ന് ഒരു കടലാമക്കുഞ്ഞ് കടലിലേക്ക് കടക്കുന്നത് അടുത്തിടെ നിരീക്ഷിച്ചതായി EPAA അറിയിപ്പ് പറഞ്ഞു. ടൈഡൽ ലഗൂൺ, കണ്ടൽ (ഖുര്‍റം) മരങ്ങളുടെ വനം, ഒമാൻ ഉൾക്കടലിന് അഭിമുഖമായ ഒരു ബീച്ച് എന്നിവ ഉൾപ്പെടെ 500 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അൽഖുര്‍റം പ്രൊട്ടക്റ്റഡ് ഏരിയയിലാണ് കിംഗ്ഫിഷർ റിട്രീറ്റ് സ്ഥിതി ചെയ്യുന്നത്.

2012 ലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുറത്തിറക്കിയ 2012 ലെ എമീറി ഉത്തരവ് നമ്പർ 27 പ്രകാരം ഒരു നേച്ചർ റിസർവ് ആയി പ്രഖ്യാപിച്ച അൽഖുര്‍റം സംരക്ഷിത പ്രദേശം, ലോകത്തിലെ ഏറ്റവും അപൂർവയിനം പക്ഷികളിൽ ഒന്നായ കോളെര്‍ഡ് കിംഗ്ഫിഷറിന്റെ വാസസ്ഥലം കൂടിയാണ്.

കടലാമക്കുഞ്ഞിന്റെ ഫോട്ടോ ലഭിച്ച ശേഷം, കൂടുണ്ടാക്കിയതിന്റെ തെളിവുകൾക്കായി അതോറിറ്റി ഒരു പരിശോധന സംഘത്തെ അയച്ചു എന്ന് EPAA ചെയർപേഴ്‌സൺ ഹാന സെയ്ഫ് അൽ സുവൈദി പറഞ്ഞു.

“കടൽത്തീരത്തിന്റെ മധ്യഭാഗത്തും മുകൾ ഭാഗത്തും നിരവധി ട്രാക്കുകൾ ടീം കണ്ടെത്തി, ഒന്നിലധികം ആമകൾ വിജയകരമായി വിരിഞ്ഞ് കടലിൽ എത്തിയെന്ന നിഗമനത്തിലേക്ക് ഇത് അവരെ നയിച്ചു.” അൽ സുവൈദി പറഞ്ഞു.

മുമ്പ്, ഗ്രീന്‍, ഹോക്സ്ബിൽ എന്നീ ഇനം ആമകൾ മാത്രമേ എമിറേറ്റ്സിൽ പ്രജനനം ചെയ്യുന്നതായി അറിയപ്പെട്ടിരുന്നുള്ളൂ.

കണ്ടെത്തലിനെ സ്വാഗതം ചെയ്തുകൊണ്ട് കിംഗ്ഫിഷർ റിട്രീറ്റിന്റെ ഡവലപ്പർമാരായ ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി, ഷൂറൂക്കിന്‍റെ എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കൽ അഭിപ്രായപ്പെട്ടു: “പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങൾക്ക് നന്ദി, (ഇത്) സമ്പന്നമായ പ്രകൃതിദത്ത ആവാസ വ്യവസ്ഥയും അടിസ്ഥാന സൌകര്യങ്ങളും പുന സ്ഥാപിക്കുന്നതിലും സംരക്ഷിക്കുന്നതിലും, വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ ആഗോള സംരക്ഷണത്തിനും ഉത്തരവാദിത്തമുള്ള പാരിസ്ഥിതിക മാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഷാർജയുടെ ആഗോള നിലപാട് ഇത് പ്രതിഫലിപ്പിക്കുന്നു.”

കിംഗ്ഫിഷർ റിട്രീറ്റ് പോലുള്ള ഇക്കോ ടൂറിസം പദ്ധതികളുടെ വികസനത്തിന് 2009 മുതൽ ഷൂറൂക്കിന് EPAAയുമായി പങ്കാളിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഷാർജയുടെ സമ്പന്നമായ പൈതൃകവും പ്രകൃതിചരിത്രവും ഉത്തരവാദിത്തമുള്ള ടൂറിസം അനുഭവങ്ങളും ഉപയോഗപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഷൂറൂക്കിന്റെ ദൗത്യത്തിന്റെയും കാഴ്ചപ്പാടിന്റെയും ഭാഗമാണ്” ഇത്തരം പദ്ധതികൾ, അദ്ദേഹം പറഞ്ഞു. “സന്ദർശകരെയും വിനോദ സഞ്ചാരികളെയും ഇടപഴകാന്‍ അനുവദിക്കുന്നത് മെച്ചപ്പെട്ട പാരിസ്ഥിതിക ഭാവിയ്ക്കായി വന്യമൃഗങ്ങളെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാനും പഠിക്കാനും അനുവദിക്കുന്നു. “

കാരാപേസ് നീളം 61 സെന്റിമീറ്റർ (2 അടി) വരെ വളരുന്ന ഒലിവ് റിഡ്‌ലി ആമ ഊഷ്മളമായ, ഉഷ്ണമേഖലാജലത്തിൽ കാണപ്പെടുന്നു, പ്രധാനമായും ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിൽ, കൂടാതെ അറ്റ്ലാന്റിക് പ്രദേശത്തും. മെക്സിക്കോയിലെ പഠനങ്ങൾ കാണിക്കുന്നത് ഈ ഇനത്തിന്റെ സാധാരണ ഭാരം 25 കിലോഗ്രാം മുതൽ 46 കിലോഗ്രാം വരെയാണ്, അപൂർവ്വമായി 50 കിലോഗ്രാമിൽ കൂടുതല്‍ എത്തുന്നു.

ചരിത്രപരമായി, ഒലിവ് റിഡ്‌ലി കടലാമ കനത്ത വാണിജ്യ ചൂഷണത്തിന് വിധേയമായിട്ടുണ്ട്, 1968 ൽ മെക്സിക്കോ തീരത്ത് നിന്ന് മാത്രം ഒരു ദശലക്ഷം എണ്ണത്തെ വേട്ടയാടി. സംരക്ഷണ ശ്രമങ്ങൾ വലിയ തോതിലുള്ള വാണിജ്യപരമായ ചൂഷണം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും, വാർഷിക നെസ്റ്റിംഗ് നടത്തുന്ന പെണ്‍ആമകളുടെ മൊത്തം ആഗോള എണ്ണം 2004 ആയപ്പോഴേക്കും ഏകദേശം 2 ദശലക്ഷവും 2008 ഓടെ 850,000 വും ആയി കുറഞ്ഞു.

മുട്ട ശേഖരണം, കൂടുണ്ടാക്കിയ ബീച്ചുകളിൽ മുതിർന്നവയെ കൊല്ലുക, ഫിഷിംഗ് ഗിയറിൽ ആകസ്മികമായി പിടിക്കപ്പെടുക, കപ്പൽ ക്ഷതം, സമുദ്ര മാലിന്യങ്ങള്‍ ഭക്ഷിക്കുക എന്നിവ തുടർന്നുവരുന്ന ഭീഷണികളിൽ ഉൾപ്പെടുന്നു.

‘അരിബാദാസ്’ എന്നറിയപ്പെടുന്ന, വലിയ തോതിൽ സമന്വയിപ്പിച്ച കൂടുകളുണ്ടാക്കുന്ന പെരുമാറ്റത്തിന് ഈ ഇനം ഏറ്റവും പ്രസിദ്ധമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇവയുടെ എണ്ണത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലെ ഒഡീഷ (ഒറീസ) പ്രദേശത്തെ ബീച്ചുകളിലാണ്.

WAM/പരിഭാഷ: Priya Shankar

Leave a Reply

Your email address will not be published. Required fields are marked *

Call Now Button