ക്രൂരമാണ് പ്രവാസികളോടുള്ള പിണറായി സർക്കാരിന്റെ നിലപാടുകൾ

“നോ” എന്നു നേരിട്ട് മുഖത്തു നോക്കി പറയാൻ കഴിയാത്ത സാഹചര്യങ്ങളിൽ വളഞ്ഞും തിരിഞ്ഞും ഓരോ മുടക്കുകളിട്ട് ആവശ്യം തന്നെ തടയുന്ന ഏർപാടില്ലേ? The art of saying NO; അതു കാണാനും പഠിക്കാനും പിണറായി സർക്കാരിന്റെ
പ്രവാസികളോടുള്ള സമീപനം ഓർത്തു വെച്ചാൽ മതി.

നസീൽ വോയ്സി  

ചില രാജ്യങ്ങൾ അഭയാർത്ഥികളോട് വെച്ചുപുലർത്തുന്ന മനോഭാവമുണ്ടല്ലോ, ഒരകറ്റി നിർത്തലും തള്ളിക്കളയലും; അതു തന്നെയാണ്, അല്ലെങ്കിൽ അതിനേക്കാൾ ക്രൂരമാണ് പ്രവാസികളോടുള്ള പിണറായി സർക്കാരിന്റെ നിലപാടുകൾ.

വന്ദേ ഭാരത്‌ മിഷനൊന്നും പ്രവാസികൾ ഇപ്പോൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ തക്കതല്ല എന്ന ബോധ്യത്തിലാണ് കുറെ സന്നദ്ധ സംഘടനകൾ ഇടപെട്ട്, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കയ്യും കാലും പിടിച്ച് ചാർട്ടർഡ് വിമാനങ്ങൾ ഒരുക്കിയത്.

കുറച്ചു പേരൊക്കെ നാട്ടിലെത്തി. നൂറിലേറെ വിമാനങ്ങൾ നാട്ടിലേക്ക് വരാൻ ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. പണം കൊടുത്തിട്ടാണെങ്കിലും ആരുടെയെങ്കിലും സഹായത്തോടെ ആണെങ്കിലും അതിലൊരു സീറ്റ് തരപ്പെടുത്താൻ പ്രവാസികളിൽ പലരും നെട്ടോട്ടമൊടുകയാണ്. ജോലിയില്ലാതെ, വാടകയില്ലാതെ, ആരോഗ്യപ്രശ്നങ്ങളുള്ള കുറെ മനുഷ്യരാണ് ഈ തിടുക്കം കൂട്ടുന്നവർ.

കാത്തിരിപ്പിനും ഒരുപാട് ശ്രമങ്ങൾക്കുമൊടുവിൽ ഇവർ ഒരുവിധം നാട്ടിൽ എത്താനുള്ള വെളിച്ചം കണ്ടുതുടങ്ങുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ ‘കോവിഡ് ടെസ്റ്റ് നിര്ബന്ധമാക്കൽ’ പദ്ധതി! കേൾക്കുമ്പോൾ ‘അതിനെന്താ പ്രശ്നം?’, ‘നല്ലതല്ലേ’ എന്നൊക്കെ തോന്നും. അമ്മാതിരി ന്യായീകരണങ്ങൾ വരുന്നുമുണ്ട്.

ടിക്കറ്റ് ചാർജ് തന്നെ കണ്ടെത്താൻ പാട് പെട്ട, ജോലിയില്ലാത്ത, ബുദ്ധിമുട്ടനുഭവിക്കുന്ന മേൽപ്പറഞ്ഞ മനുഷ്യർ ടെസ്റ്റിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന അടിസ്ഥാന ആലോചന ഇല്ലാഞ്ഞിട്ടാണ്, വേണ്ടെന്ന് വെച്ചിട്ട് മാത്രമാണ് ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നത്!അവരെങ്ങനെയാണ് ഈ മാസങ്ങൾ കഴിഞ്ഞു കൂടിയത്, എങ്ങനെയാണ് വരാൻ ഒരുങ്ങുന്നത് എന്നൊന്ന് വിളിച്ചന്വേഷിച്ചാൽ മനസിലാവും. ആ ബോധമുള്ളവർ ഇങ്ങനെ ന്യായീകരിക്കുമെന്നു തോന്നുന്നില്ല.

പ്രവാസികളുടെ യാത്രക്ക് എന്തെങ്കിലുമൊരു സൗകര്യം ഒരുക്കിയിട്ടാണ് ഈ കല്പനകൾ എങ്കിൽ പിന്നെയും തരക്കേടില്ലായിരുന്നു; അതുമില്ല!

“കോവിഡ് പോസിറ്റീവ് ആയവർക്ക് പ്രത്യേക വിമാനം ഒരുക്കണം” എന്നൊക്കെ പറയുന്നുണ്ട് മന്ത്രി – സാമൂഹ്യ സുരക്ഷാ എമാന്മാർ; ആരാണ് ഒരുക്കുക? സംസ്ഥാന സർക്കാർ ഒരുക്കുമോ?
അതോ പ്രവാസികൾ ഇത്രയും പ്രതിസന്ധിയിൽ ആയിട്ടും കാര്യമായി ഒരു ഇടപെടലും നടത്താത്ത എംബസികൾ ഇത് ഒരുക്കുമെന്ന് പ്രതീക്ഷിച്ചാണോ സംസ്ഥാനത്തിന്റെ തീരുമാനം !? അതിനെ ആശ്രയിച്ചാണോ സർക്കാർ നിലപാട്!?

ടെസ്റ്റിനുള്ള സൗകര്യം എംബസികൾ ചെയ്യണം എന്നും കേരളം ആവശ്യപ്പെടുന്നതൊക്കെ യാഥാർഥ്യബോധത്തോടെയാണോ? എന്തടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ‘ഈ വ്യാമോഹം’ ഇപ്പോഴും വെച്ചു പുലർത്തുന്നത്?

“ടെസ്റ്റിനുള്ള സൗകര്യം സന്നദ്ധ സംഘടനകൾ ഒരുക്കണം” എന്നും പറഞ്ഞു കേട്ടു. എന്നാ പിന്നെ ഒരു കാര്യം ചെയ്യുന്നതാണ് നല്ലത്; കേരളത്തിലെ പ്രവാസികാര്യ വകുപ്പും മന്ത്രിയെയും നോർകയും ഉദ്യോഗസ്ഥ വൃന്ദവുമൊക്കെ പിരിച്ചുവിടാം. അതെല്ലാം ഈ സന്നദ്ധ സംഘടനകളെ ഏൽപ്പിക്കുക. അതിനാകുന്ന ചിലവ് വെച്ച് ഇവർ ഇതെല്ലാം ഇപ്പോഴുള്ളതിനെക്കാൾ ഭംഗിയായി നടത്തിക്കോളും. അഞ്ചും പത്തും ദിർഹംസും റിയാലും കൂട്ടിവെച്ച് പ്രവാസി സമൂഹം സാധ്യമാക്കുന്ന സന്നദ്ധ സംഘടനാ സംവിധാനങ്ങൾ ഇനി ടെസ്റ്റിനുള്ള സൗകര്യവും ഒരുക്കണം എന്നു പറയുന്നവരോട് പിന്നെ എന്ത് പറയാനാണ്?

“നോ” എന്നു നേരിട്ട് മുഖത്തു നോക്കി പറയാൻ കഴിയാത്ത സാഹചര്യങ്ങളിൽ വളഞ്ഞും തിരിഞ്ഞും ഓരോ മുടക്കുകളിട്ട് ആവശ്യം തന്നെ തടയുന്ന ഏർപാടില്ലേ? The art of saying NO; അതു കാണാനും പഠിക്കാനും പിണറായി സർക്കാരിന്റെ
പ്രവാസികളോടുള്ള സമീപനം ഓർത്തു വെച്ചാൽ മതി.

 

Leave a Reply

Your email address will not be published. Required fields are marked *

Call Now Button