വന്ദേ ഭാരത് ഓപ്പറേഷൻ കാലത്തെ കുവൈറ്റ് ഒഴിപ്പിക്കൽ ഓർമ

എത്ര ധീരതോയോടെയാണ് മാത്തുണ്ണി മാത്യൂസ് എന്ന ‘ടൊയോട്ട സണ്ണിയും’ കൂട്ടരും ആ ഒഴിപ്പിക്കലിന് നേതൃത്വം നൽകിയിരുന്നത്. ഇറാക്ക് പട്ടാളത്തിന്റെ മുറുമുറുപ്പും ജോർദാൻ അതിർത്തിയിലെ പ്രതിബന്ധങ്ങളുമടക്കം ടൊയോട്ട സണ്ണിക്ക് മറികടക്കാൻ പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നു അന്ന്.

യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ വിമാനങ്ങളിൽ പ്രവാസികൾ കുറേശ്ശയായി മടങ്ങി തുടങ്ങിയിരിക്കുന്നു.

ഇതിനെ “ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ, എയർലിഫ്റ്റ്, റീ പാട്രിയേഷൻ” എന്നൊക്കെയാണ് ചിലർ വിളിക്കുന്നത്. മാധ്യമങ്ങളൊക്കെ യുദ്ധസമാന റിപോർട്ടിങ്ങാണ്.

ശരിക്കും ഇതൊരു ഒഴിപ്പിക്കലാണോ?

അല്ലെന്നു വേണം പറയാൻ. ലോക്ക് ഡൗൺ കാലത്തു നിർത്തലാക്കപ്പെട്ട നൂറുകണക്കിന് വിമാന സർവീസുകൾക്ക് പകരം എയർ ഇന്ത്യക്ക് മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കി പറക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നു. കേന്ദ്രസർക്കാർ അനുമതി കൊടുത്തിരുന്നെങ്കിൽ ഗൾഫിലെ വിമാനകമ്പനികൾ നാട്ടിലേക്ക് സർവീസ് നടത്താൻ തയാറായിരുന്നു.
ഇതിനു തന്നെ ഒട്ടേറെ പരാതികളും കൂടി വരുന്നു. അനർഹരായവർ കയറിക്കൂടുന്നു. നൂറുകണക്കിന് രോഗികളും വൃദ്ധരും രജിസ്റ്റർ ചെയ്ത് ടിക്കറ്റ് എടുത്ത് പോകാൻ റെഡി ആയി എംബസ്സിയിൽ നിന്നും വിളിയും കാത്തു കിടക്കുമ്പോൾ ഇതിലൊന്നും പെടാത്തവർ നാട്ടിലെത്തുന്നു.

ഒഴിപ്പിക്കൽ മട്ടിലുള്ള വാർത്തകളും മേനിപറച്ചിലും കാണുമ്പോൾ 1990 ആഗസ്തിലെ കുവൈറ്റ് ആക്രമണവും തുടർന്ന് അവിടെ കുടുങ്ങിപ്പോയ 170,000 പേരെ ഒഴിപ്പിക്കാൻ അന്നത്തെ സർക്കാർ കാണിച്ച ആർജവവുമാണ് മനസിലെത്തുന്നത്.

വി.പി സിംഗായിരുന്നു പ്രധാനമന്ത്രി. പ്രതികരിക്കാൻ അൽപ്പം വൈകിയെങ്കിലും പിന്നീട് ശരവേഗത്തിലുള്ള തീരുമാനങ്ങളാണ് അന്ന് കേന്ദ്ര സർക്കാർ കൈകൊണ്ടത്. 488 തവണകളായി എയർ ഇന്ത്യ കുടുങ്ങിപോയവരെയെല്ലാം സൗജന്യമായി അമ്മാനിൽ നിന്നും മുംബൈയിൽ എത്തിച്ചു. ആകാശത്തടക്കം തീർത്തും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തായിരുന്നു ആ മിഷൻ.

1990 ആഗസ്റ്റ് 13നു തുടങ്ങിയ ദൗത്യം അവസാനിച്ചത് ഒക്ടോബർ 20 നായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ നടത്തി എയർ ഇന്ത്യ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് പറന്നു കയറി. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ എയർ ഇന്ത്യ പൈലറ്റുമാർ വീരനായകരായി. അന്നത്തെ വിദേശകാര്യ മന്ത്രി ഐ.കെ ഗുജ്റാളും കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണനും ജനമനസ്സുകളിലെ താരങ്ങളായി.

ഇന്ത്യാ സർക്കാർ അന്നു കാണിച്ച ആ ശൂരത്തം ലോക രാഷ്ട്രങ്ങൾ ഇന്നും ആദരവോടെ ഓർക്കുന്നു. അന്ന് അതിനു വലിയ പേരൊന്നും ഇട്ടു വിളിച്ചിരുന്നില്ല എന്നാണു ഓർമ.

ആ വലിയ ഒഴിപ്പിക്കൽ എന്തായിരുന്നു?

ഇറാഖ്- കുവൈറ്റ് യുദ്ധകാലം. എല്ലാം ഉപേക്ഷിച്ച് എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് കരുതി നിൽക്കുന്ന 170,000 ഓളം ഇന്ത്യക്കാർ. കുവൈറ്റിലുള്ളവരെ ജോർദാനിലെ അമ്മാൻ എയർപോർട്ട് വഴി വേണമായിരുന്നു ഒഴിപ്പിക്കാൻ. ബാക്കിയെല്ലാം ലോക്കാണ്. ആകാശം അമേരിക്കയുടെയും സഖ്യ സേനയുടെയും നിയന്ത്രണത്തിൽ. അവിടെ ചീറി പറക്കുന്ന യുദ്ധ വിമാനങ്ങൾ മാത്രം.

വളരെ പരിഭ്രാന്തി പരത്തുന്നതായിരുന്നു സ്ഥിതിഗതികൾ. കുവൈറ്റ് -ഇറാഖ് അതിർത്തികൾ കടന്നു വേണമായിരുന്നു ജോർദാനിലേക്ക് കടക്കാൻ. ആകാശത്തു സഖ്യ കക്ഷികളുടെ വിമാനങ്ങൾ. അമ്മാനും പരിസരത്തും അയൽരാജ്യമായ ഇസ്രാഈലിന്റെ ചാരകണ്ണുകൾ. ചെറിയൊരു സംശയം തോന്നിയാൽ മുന്നോട്ട് നീങ്ങുന്ന ഏതു വാഹനത്തിനു മുകളിലും ബോംബ് വീഴാമെന്ന അവസ്ഥ.

ടൊയോട്ട സണ്ണിയെന്ന മലയാളി!

എത്ര ധീരതോയോടെയാണ് മാത്തുണ്ണി മാത്യൂസ് എന്ന ‘ടൊയോട്ട സണ്ണിയും’ കൂട്ടരും ആ ഒഴിപ്പിക്കലിന് നേതൃത്വം നൽകിയിരുന്നത്. ഇറാക്ക് പട്ടാളത്തിന്റെ മുറുമുറുപ്പും ജോർദാൻ അതിർത്തിയിലെ പ്രതിബന്ധങ്ങളുമടക്കം ടൊയോട്ട സണ്ണിക്ക് മറികടക്കാൻ പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നു അന്ന്.

ഇന്ന് കാര്യങ്ങൾ എത്ര ലളിതമാണ്? രക്ഷപെടുന്ന വഴിയിൽ തടുക്കാനും പിടിച്ചു പറിക്കാനും കൊള്ളക്കാരില്ല, പട്ടാളമില്ല. സംശയത്തോടെ ആകാശത്തു നിന്ന് വീക്ഷിക്കുന്ന അമേരിക്കൻ ബോംബർ വിമാനങ്ങളില്ല. ഏതു നിമിഷവും ബോംബോ മിസൈലോ തലയിൽ പതിക്കുമെന്ന പേടിക്കേണ്ടതില്ല, നാട്ടിലേക്ക് വിമാനം കിട്ടാൻ വിവിധ രാജ്യങ്ങളുടെ അതിരുകൾ കടന്നു മരുഭൂമിയിലൂടെ ആയിരത്തിലേറെ കിലോമീറ്ററുകൾ താണ്ടേണ്ടതില്ല.

പകരം, നേരെത്തെ നിർത്തലാക്കിയ കുറച്ചു വിമാനങ്ങൾക്ക് കൂടെ നാട്ടിലേക്ക് പറക്കാൻ അനുമതി നൽകുക, നാട്ടിലെത്തുന്നവർക്ക് വേണ്ട ക്വറന്റൈൻ സംവിധാനങ്ങളും ടെസ്റ്റുകൾക്കുമുള്ള സൗകര്യങ്ങൾ ഒരുക്കുക. പിന്നെ അർഹിക്കുന്നവരെ മാത്രം പരിഗണിച്ചു ആദ്യമാദ്യം നാട്ടിൽ എത്തിക്കുക. ഇതുപോലും കുറ്റമറ്റതാക്കാൻ കഴിയാതെ നമ്മൾ എങ്ങിനെയാണ് ഇതിനെ -ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ- എന്നൊക്കെ പേരിട്ടു വിളിക്കുക? ചരിത്രത്തോടുള്ള അനീതിയാണത്.

സണ്ണിയും കൂട്ടരും 1320 കിലോമീറ്ററിലേറെ മരുഭൂമിയും താണ്ടി 125 ബസ്സുകളിലായാണ് അന്ന് ജോർദാൻ അതിർത്തിയിലേക്ക് എത്തുന്നത് . യുദ്ധം തുടങ്ങിയതിനെ തുടർന്ന് ആരാരുമില്ലാതായി പോയവരായിരുന്നു അദ്ദേഹത്തിന്റെ കൂടെയുള്ളവർ. അവരെയൊക്കെ തന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അഞ്ചോളം സ്‌കൂളുകളിൽ പാർപ്പിക്കുകയായിരുന്നു അതുവരെയും അദ്ദേഹം. 9500 ലേറെ പേരാണ് സ്‌കൂളുകളിൽ മാത്രം അന്തിയുറങ്ങിയത്. ഇറാഖ് സേന കുവൈറ്റ് പിടിച്ചെടുത്തതോടെ വീടും സമ്പാദ്യവും ജോലിയും നഷ്ടപ്പെട്ട് ജീവനും കൊണ്ട് ഓടിരക്ഷപെട്ടവരായിരുന്നു അവരെല്ലാം.
എന്തായാലും അമ്മാനിൽ നിന്ന് ഇന്ത്യക്കാരുമായി അവസാനത്തെ എയർ ഇന്ത്യ ഫ്ലൈറ്റ് പറന്നു പൊങ്ങും വരെ അവിടെ നിന്ന് സകലകാര്യങ്ങൾക്കുമായി സഹായിക്കുകയും ഏകോപനം നടത്തുകയും ചെയ്തു സണ്ണി. ശീതീകരിച്ച സുരക്ഷിത മുറിയിലിരുന്നായിരുന്നില്ല, മറിച്ച് പ്രതിസന്ധികളിലകപ്പെട്ട പ്രവാസികളോടൊപ്പം നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.
ഇപ്പോൾ പ്രവാസികളുടെ മുഖ്യ പ്രശ്നം, മുന്നിൽ നിൽക്കാൻ ഒരു ടൊയോട്ട സണ്ണിയോ ഓടി വന്നു പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ഒരു ഇന്ദർകുമാർ ഗുജ്‌റാളോ കെ.പി ഉണ്ണികൃഷ്ണനോ ഇല്ല എന്നതാണ്. ഗ്രൗണ്ടിലെ യാഥാർഥ്യം മനസിലാക്കി പട നയിക്കുന്ന ഒരാൾ ! അതുകൊണ്ടാണീ ഈ മെല്ലെപ്പോക്കും അനർഹരുടെ കയറിപ്പോകലുമെല്ലാം.
, പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് കൃത്യമായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ, ദിശാബോധം നൽകാൻ ആളില്ലാത്ത ഒരു അവസ്ഥയുണ്ട്. സംഘടനകൾക്ക് ഒട്ടേറെ നയതന്ത്ര പരിമിതികളുണ്ട്. പക്ഷേ അത് മറികടക്കാൻ കെൽപുള്ളവർ പ്രവാസരംഗത്തുണ്ട്, മലയാളികളടക്കം.അവർക്ക് സണ്ണിയെക്കാൾ വലിയ സൂപ്പർ ഹീറോ ആയി അവതരിക്കാനാകും. പക്ഷെ എന്തുകൊണ്ടോ അത് സംഭവിക്കുന്നില്ല! (Courtsey: Facebook, KT Abdurabb)

Leave a Reply

Your email address will not be published. Required fields are marked *

Call Now Button