ശരീഅത്തും ഏകസിവില്‍കോഡും പിന്നെ ഞാനും

സ്വസഹോദരികള്‍ക്ക് തനിക്ക് തുല്യമായി പൈതൃകസ്വത്ത് ലഭിക്കട്ടെ എന്ന് പുരുഷന്‍ കരുതിയാല്‍ അത് നിയമലംഘനമാവുമോ? അങ്ങനെ ചിന്തിക്കാന്‍ മുസ്ലിം പുരുഷന്മാരെ പ്രേരിപ്പിക്കുന്നത് തെറ്റാവുമോ? വിശുദ്ധ ഖുര്‍ആന്‍െറയും ശരീഅത്തിന്‍െറയും വിശാല താല്‍പര്യങ്ങള്‍ മുന്നില്‍

ഒ. അബ്ദുറഹ്മാന്‍

ഡോ. കെ.ടി. ജലീല്‍ എം.എല്‍.എയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘മുഖ്യധാര’ ത്രൈമാസികയുടെ പ്രതിനിധി സഹീദ് റൂമി ഞാനുമായി പല വിഷയങ്ങളും സംസാരിച്ചു ക്രോഡീകരിച്ച് മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. അതിലെ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാവിഷയമായതിനു പുറമെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ (ഇ.കെ വിഭാഗം) വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് അതേച്ചൊല്ലി ഉത്കണ്ഠ പ്രകടിപ്പിക്കുകയും ജമാഅത്തെ ഇസ്ലാമിയോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ‘റിപ്പോര്‍ട്ടര്‍’ ചാനല്‍ അതിന്‍െറ വിശദീകരണം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ എന്‍െറ വീക്ഷണഗതികള്‍ അവരോടും പങ്കുവെച്ചു. ചാനല്‍ സംപ്രേഷണം ചെയ്തത് ഞാന്‍ കണ്ടില്ല. കണ്ട ചിലര്‍ അതേപ്പറ്റിയും നേരിട്ടും ഫോണ്‍ മുഖേനയും പ്രതികരണമാരാഞ്ഞു. പ്രമുഖ മുസ്ലിം പത്രത്തില്‍ സാമാന്യം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയും വന്നു. എല്ലാവര്‍ക്കുമായിട്ടാണ് ഈ പ്രതികരണം കുറിക്കുന്നത്.

‘ഏകീകൃത സിവില്‍കോഡ് വരട്ടെ’ എന്ന ‘മുഖ്യധാര’യിലെ തലക്കെട്ടാണ് ഏറെ പ്രകോപനം സൃഷ്ടിച്ചതെന്ന് തോന്നുന്നു. യഥാര്‍ഥത്തില്‍ ഞാനെന്താണ് പറഞ്ഞതെന്ന് മാസികയില്‍തന്നെ വായിക്കാം. അതിങ്ങനെ:  ‘ഒറ്റയടിക്ക് സിവില്‍കോഡ് നടപ്പിലാക്കുകയോ അതിനെ എതിര്‍ക്കുകയോ അല്ല വേണ്ടത്. ഒരു മാതൃകാ സിവില്‍കോഡ് പ്രഖ്യാപിക്കട്ടെ. അതിനകത്ത് സംവാദങ്ങള്‍ നടക്കട്ടെ. എന്നിട്ട് യോജിക്കേണ്ടതിനോട് യോജിക്കുകയും എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുകയും ചെയ്യാമല്ളോ. സിവില്‍കോഡ് ഇങ്ങനെയായിരിക്കും എന്ന് പ്രഖ്യാപിക്കപ്പെട്ടാല്‍ അത് ചര്‍ച്ചചെയ്യാന്‍ സാധിക്കുമല്ളോ. ചര്‍ച്ചപോലും ചെയ്യാതെ അതിനെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. മുഹമ്മദന്‍ ലോ എന്ന പേരില്‍ ഇന്ത്യയില്‍ മുസ്ലിംസ്ത്രീക്കുനേരെ വലിയ അനീതി നടക്കുന്നുണ്ട്. അതിന് സിവില്‍കോഡൊരു പരിഹാരമാണെങ്കില്‍ അത് വരട്ടെ. എന്താണ് കുഴപ്പം.’

1985ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തില്‍ ശരീഅത്ത് വിരുദ്ധ കാമ്പയിന് തിരികൊളുത്തുകയും ശാബാനു ബീഗത്തിന്‍െറ മുത്അ കേസിലെ സുപ്രീംകോടതി വിധിയില്‍ ഏകസിവില്‍കോഡിന്‍െറ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്തതുമുതല്‍ വിവിധ വേദികളിലും സന്ദര്‍ഭങ്ങളിലുമായി ഞാന്‍ പറയുകയും എഴുതുകയും ചെയ്ത അതേ നിലപാടിന്‍െറ ആവര്‍ത്തനം മാത്രമാണിത്. യഥാര്‍ഥത്തില്‍ ദേശീയോദ്ഗ്രഥനത്തിന് ഏകസിവില്‍കോഡ് ആവശ്യമില്ല. വിവിധ സമുദായങ്ങള്‍ക്ക് വിവിധ വിവാഹ-വിവാഹമോചന കോഡ് ഉണ്ടാവുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. ഒരു കോഡും നീതിക്ക് നിരക്കാത്തതായിരിക്കരുത് എന്നേയുള്ളൂ. മുസ്ലിം വ്യക്തിനിയമത്തെ ശരീഅത്തിന്‍െറ മൗലിക തത്ത്വങ്ങളില്‍ നിന്നുകൊണ്ട് പരിഷ്കരിക്കുകയാണാവശ്യം. കാരണം, ശരീഅത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നും ഇല്ല. എന്നാല്‍, ഭരണഘടനയുടെ ആമുഖം ഖണ്ഡിക 44നെ പൊക്കിപ്പിടിച്ച് സെക്യുലരിസ്റ്റുകളും സ്ത്രീവാദികളും സംഘികളും ഒരുപോലെ ഏകസിവില്‍കോഡിനുവേണ്ടി വാദിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അത് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നിരിക്കുകയാണ്. മുമ്പേ ആവശ്യപ്പെടുന്നതാണ് ഇവരൊക്കെയും ആഗ്രഹിക്കുന്ന ഏകീകൃത സിവില്‍കോഡിന്‍െറ രൂപരേഖ അവതരിപ്പിക്കാന്‍. ഇന്നുവരെ ആരും ഒരു മാതൃകയും യൂനിഫോം സിവില്‍കോഡിന് അവതരിപ്പിച്ചിട്ടില്ല. സമൂഹത്തിന്‍െറ മുമ്പാകെ അത്തരമൊന്ന് വന്നാലല്ളേ അതിനോട് യോജിക്കണമെന്നോ വിയോജിക്കണമെന്നോ ചൂണ്ടിക്കാണിക്കാന്‍ പറ്റൂ. ശരീഅത്തിന്‍െറ വെളിച്ചത്തില്‍തന്നെ ചിലതിനെ അംഗീകരിക്കാനും ചിലതിനെ തിരസ്കരിക്കാനും കഴിയും. ഇക്കാര്യമാണ് ഞാന്‍ ‘മുഖ്യധാര’യോടും പറഞ്ഞത്. അതിന്‍െറ പേരില്‍ കോലാഹലത്തിനൊന്നും വകയില്ല.

ബ്രിട്ടീഷ് ഇന്ത്യയിലെ മുഹമ്മദന്‍ ലോയെ നിശിതമായി വിമര്‍ശിച്ചവരില്‍ ഒന്നാമനാണ് സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി. ഈ നിയമം മുസ്ലിം വീടുകളെ നരകതുല്യമാക്കിയിട്ടുണ്ട് എന്നുപോലും പറഞ്ഞിട്ടുണ്ട് അദ്ദേഹം. ഹുഖൂഖുസ്സൗജൈന്‍ (ദാമ്പത്യ നിയമങ്ങള്‍) എന്ന അദ്ദേഹത്തിന്‍െറ കൃതിയുടെ മുഖവുരയില്‍ അത് കാണാം. എന്നാല്‍, ഏക സിവില്‍കോഡിന്‍െറ കാര്യത്തില്‍ മുസ്ലിം സംഘടനകളുടെ പൊതുവേദിയായ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡില്‍ ഘടകമായ ജമാഅത്തെ ഇസ്ലാമിക്ക് സ്വാഭാവികമായും ബോര്‍ഡിന്‍െറ അതേ നിലപാടാണുള്ളത്. അത് യഥാസമയം ആവര്‍ത്തിച്ച് വ്യക്തമാക്കാറുള്ളതുമാണ്. പിന്നെ ഒരു മത, രാഷ്ട്രീയ പാര്‍ട്ടിയിലും പ്രാഥമികാംഗം പോലുമല്ലാത്ത എന്‍െറ അഭിപ്രായത്തിന്‍െറ ഉത്തരവാദിത്തം മറ്റാരുടെയും പേരില്‍ കെട്ടിവെക്കേണ്ട കാര്യമില്ല. സ്വാഭിപ്രായത്തില്‍നിന്ന് ഞാന്‍ പിന്മാറേണ്ട സാഹചര്യവുമില്ല.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തെ(ഫിഖ്ഹ്)ക്കുറിച്ച് ഞാന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് പ്രതിഷേധത്തിന് വഴിവെച്ച മറ്റൊരു കാര്യം. ഒരു സംഗതി ആദ്യമേ സൂചിപ്പിക്കട്ടെ. ഏകദേശം 12 വര്‍ഷം നീണ്ട എന്‍െറ മതവിദ്യാഭ്യാസ ഘട്ടത്തില്‍ ഏറ്റവുമധികം സമയം വിനിയോഗിച്ചത് ഫിഖ്ഹ് പഠിക്കാനാണ്. അതും സാമ്പ്രദായിക ശാഫിഈ ഫിഖ്ഹ്. ‘ഗായതുല്‍ ഇഖ്തിസാര്‍’ മുതല്‍ ‘മഹല്ലി’വരെയുള്ള ഗ്രന്ഥങ്ങള്‍ അക്കൂട്ടത്തില്‍ പെടും. ഫിഖ്ഹിനോട് എനിക്ക് സജീവ താല്‍പര്യവും കര്‍മശാസ്ത്ര പണ്ഡിതന്മാരോട് തികഞ്ഞ ആദരവുമുണ്ട്. ഞാന്‍ പറഞ്ഞത് ഇങ്ങനെ: ‘ഫിഖ്ഹ് പ്രവാചകന്‍െറയും ഖിലാഫത്തിന്‍െറയും കാലം കഴിഞ്ഞാണ് രൂപപ്പെടുന്നത്. രാജാക്കന്മാരുടെ കാലത്ത് ഇജ്തിഹാദ് നടത്തിയോ അല്ലാതെയോ പണ്ഡിതന്മാര്‍ രൂപപ്പെടുത്തിയ പലതും അസംബന്ധങ്ങളാണ്. പലതും പരസ്പര വിരുദ്ധവുമാണ്. ഈ ഫിഖ്ഹാണ് ഇസ്ലാമിനെ ഇത്രമേല്‍ സ്ത്രീവിരുദ്ധമാക്കിയതും. പല ഫിഖ്ഹ് ഗ്രന്ഥങ്ങളും വായിച്ചുനോക്കിയാല്‍ സ്ത്രീ പുരുഷന്‍െറ അടിമയാണ്. അതൊന്നും ഇസ്ലാമിന്‍െറ കാഴ്ചപ്പാടല്ല… ഫിഖ്ഹ് ഒഴിവാക്കണം എന്നല്ല. അത് വേണം അതിന്‍േറതായ രംഗത്ത്.

പക്ഷേ, ഫിഖ്ഹാണ് ഇസ്ലാം എന്ന രീതി ശരിയല്ല. മതപണ്ഡിതന്മാര്‍ എന്നാല്‍ ഫിഖ്ഹ് പഠിച്ചവരാണ് എന്ന രീതിയും അബദ്ധമാണ്. ഫിഖ്ഹിലെ ഈ അബദ്ധങ്ങളാണ് വലിയ സ്ത്രീവിരുദ്ധതയായി ഇവരുടെ വായിലൂടെ പുറത്തുവരുന്നത്.’ ഞാന്‍ ചോദ്യംചെയ്തത് ഫിഖ്ഹിനെയോ അതിന്‍െറ പ്രാധാന്യത്തെയോ അല്ല. ഫിഖ്ഹിന്‍െറ മേല്‍വിലാസത്തില്‍ കാലാകാലങ്ങളിലെ മതപണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളെയും ഫിഖ്ഹിനെ ഇസ്ലാമിന്‍െറ ആകത്തുകയായി അവതരിപ്പിക്കുന്ന രീതിയെയുമാണ്. ആത്മീയം, ആധ്യാത്മികം, സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ എല്ലാ ജീവിത തുറകളിലും വ്യക്തമായ അധ്യാപനങ്ങളുള്ള ഇസ്ലാമിലെ ഒരു ശാഖമാത്രമാണ് ഫിഖ്ഹ്. ആ ഫിഖ്ഹിന്‍െറ കഥയോ? പതിനെട്ടോളം കര്‍മശാസ്ത്ര സരണികളില്‍നിന്ന് കാലത്തെ അതിജീവിച്ച നാല് പ്രബല മദ്ഹബുകളാണ് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി എന്നിവ. ശിയാക്കളുടെ ജഅ്ഫരി മദ്ഹബ് വേറെയും. പല വിഷയങ്ങളിലും ഈ മദ്ഹബുകള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ഓരോ മദ്ഹബുകളിലെയും പണ്ഡിതന്മാര്‍ക്കിടയില്‍ അതിലേറെ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. അവയില്‍നിന്ന് മൂലപ്രമാണങ്ങളായ ഖുര്‍ആനിനോടും പ്രവാചകചര്യയോടും യോജിച്ചത് കണ്ടത്തെുക ആയുഷ്കാലം മുഴുവന്‍ ഫിഖ്ഹ് പഠനത്തിന് നീക്കിവെച്ചവര്‍ക്കുപോലും ദുഷ്കരം. പിന്നെ സാധാരണ വിശ്വാസികളുടെ കാര്യം പറയണോ?

ഒരു പുതിയ വെളിപാടും പ്രവാചകനുശേഷം ആര്‍ക്കും ലഭിച്ചിട്ടില്ളെന്നിരിക്കെ ആരാധനാകര്‍മങ്ങളുടെ വിശദാംശങ്ങളില്‍ ഇപ്പോഴും വിവാദങ്ങളില്‍ അഭിരമിക്കുന്ന പണ്ഡിതന്മാരെ പാട്ടിനു വിടാം. എന്നാല്‍, കാലത്തോടൊപ്പം ചലിക്കാന്‍ മുസ്ലിം സമൂഹത്തെ പ്രാപ്തമാക്കുന്ന ശരീഅത്തിന്‍െറ അടിസ്ഥാന തത്ത്വങ്ങളെ പാടേ അവഗണിച്ച് ലൗകിക വ്യവഹാരങ്ങളെ അക്ഷരങ്ങളുടെ കുരിശിലേറ്റുന്ന പണ്ഡിതന്മാരുടെ അപ്രമാദിത്വം ചോദ്യംചെയ്യരുത് എന്നാണോ? അതേപ്പറ്റി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ അമീറും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ബോര്‍ഡിന്‍െറ സ്ഥാപക നേതാക്കളിലൊരാളുമായ മൗലാനാ അബുലൈ്ളസ് ഇസ്ലാഹി പ്രസ്താവിച്ചതിങ്ങനെ:
‘ഖുര്‍ആന്‍െറയും  സുന്നത്തിന്‍െറയും മൗലികാധ്യാപനങ്ങളില്‍ മാറ്റംവരുത്തുകയെന്നത് വിഭാവനം ചെയ്യുകപോലും സാധ്യമല്ല. എന്നാല്‍, പൂര്‍വികരായ നിയമപണ്ഡിതന്മാരുടെ സ്വതന്ത്ര തീരുമാനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഈ പദവി ഒരിക്കലും നല്‍കാന്‍ പാടുള്ളതല്ല’ (1963ല്‍ പട്നയില്‍ ചെയ്ത പ്രസംഗത്തില്‍നിന്ന് -ഉദ്ധ: പ്രബോധനം വാരിക 1985 ജൂലൈ 6). സാമൂഹിക നീതി, പൊതുനന്മ, വ്യക്തിതാല്‍പര്യങ്ങളെക്കാള്‍ സമൂഹത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് പരിഗണന, ലാളിത്യം, സുതാര്യത തുടങ്ങിയ ശരീഅത്തിന്‍െറ മൗലിക തത്ത്വങ്ങള്‍ക്കനുസൃതമായി പ്രമാണങ്ങളെ വ്യാഖ്യാനിക്കുകയും നിയമം നിര്‍മിക്കുകയും ചെയ്യുമ്പോഴാണ് ഇജ്തിഹാദ് ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതും ഇസ്ലാമിന്‍െറ താല്‍പര്യങ്ങളെ സാക്ഷാത്കരിക്കുന്നതും. ഉദാഹരണത്തിന് സ്ത്രീകള്‍ക്കിടയില്‍ നീതിപാലിക്കുമെന്ന് ഒരാള്‍ക്കുതന്നെ ഉറപ്പിക്കാവുന്ന സാഹചര്യത്തില്‍ മാത്രമാണ് ബഹുഭാര്യത്വം ഖുര്‍ആന്‍ അനുവദിച്ചത്. എന്നാല്‍, ഫിഖ്ഹില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമ്പോഴൊന്നും ഈയടിസ്ഥാന തത്ത്വം പരിഗണിക്കുന്നേയില്ല. മുത്തലാഖ് എന്ന ക്രമവിരുദ്ധ വിവാഹമോചനത്തെ ചര്‍ച്ചാവിഷയമാക്കുമ്പോഴും സ്ത്രീനീതി കര്‍മശാസ്ത്രപണ്ഡിതന്മാരുടെ വീക്ഷണത്തെ സ്വാധീനിക്കുന്നില്ല. മറ്റെല്ലാ ഇമാമുകളും ന്യായമായ കാരണങ്ങളാല്‍ സ്ത്രീക്ക് വിവാഹം റദ്ദാക്കാനുള്ള അവകാശം വകവെച്ചുകൊടുത്തപ്പോള്‍ ഇന്ത്യ-പാക് ഉപഭൂഖണ്ഡത്തിലെ പ്രബല മദ്ഹബായ ഹനഫി ഫിഖ്ഹില്‍ ഫസ്ഖ് (വിവാഹം റദ്ദാക്കല്‍) ഏറക്കുറെ അസാധ്യമാണ്.

ഈ പശ്ചാത്തലത്തിലാണ് സ്ത്രീയുടെ പൈതൃക സ്വത്തവകാശം പുരുഷന്‍െറ പകുതി മാത്രമാണെന്ന ഖുര്‍ആന്‍സൂക്തത്തെക്കുറിച്ച അഭിപ്രായം ഞാന്‍ പ്രകടിപ്പിച്ചത്. ‘നബിയുടെ കാലംവരെ അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം ഉണ്ടായിരുന്നില്ല. ഖുര്‍ആന്‍ അവര്‍ക്ക് സ്വത്തവകാശം നല്‍കി. അത് കാലോചിതമായി പരിഷ്കരിച്ച് ആണിന് തുല്യമാക്കാമോ എന്ന് പരിശോധിക്കണമെന്നാണ് എന്‍െറ അഭിപ്രായം’  (മുഖ്യധാര).
ഈ അഭിപ്രായപ്രകടനത്തിലൂടെ ഞാന്‍ ഖുര്‍ആന്‍െറ ഖണ്ഡിത നിയമത്തെ ധിക്കരിച്ചു എന്നാണാക്ഷേപം. വിശുദ്ധ ഖുര്‍ആന്‍ നാലാം അധ്യായം, 11ാം സൂക്തത്തില്‍ അനന്തര സ്വത്ത് ഓഹരിചെയ്യുമ്പോള്‍ പുരുഷന് സ്ത്രീയുടെ ഇരട്ടി എന്ന് പ്രസ്താവിച്ചത് പ്രത്യക്ഷരം ശരിയാണ്. അതിനെ ഒരു വിശ്വാസി ചോദ്യംചെയ്യുന്ന പ്രശ്നമേയില്ല. എന്നാല്‍, സ്ത്രീക്ക് പൂര്‍ണ സംരക്ഷണവും അവകാശങ്ങളും ഉറപ്പുവരുത്തിയ ഇസ്ലാമിക സാമൂഹികക്രമം നിലവിലുള്ളേടത്താണ് ഇതപ്പടി നടപ്പാവുക. എന്നാല്‍, സ്ത്രീക്ക് തുല്യനീതി നിഷേധം സാര്‍വത്രികമായ ഇന്ത്യയെപ്പോലുള്ള നാടുകളില്‍ സ്ത്രീക്ക് സമാവകാശം നല്‍കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൂടേ? പകുതിയെങ്കിലും സ്ത്രീക്ക് നല്‍കിയിരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചത് ഒന്നും നല്‍കാതിരുന്ന കാലഘട്ടത്തിലായിരുന്നല്ളോ.

സ്വസഹോദരികള്‍ക്ക് തനിക്ക് തുല്യമായി പൈതൃകസ്വത്ത് ലഭിക്കട്ടെ എന്ന് പുരുഷന്‍ കരുതിയാല്‍ അത് നിയമലംഘനമാവുമോ? അങ്ങനെ ചിന്തിക്കാന്‍ മുസ്ലിം പുരുഷന്മാരെ പ്രേരിപ്പിക്കുന്നത് തെറ്റാവുമോ? വിശുദ്ധ ഖുര്‍ആന്‍െറയും ശരീഅത്തിന്‍െറയും വിശാല താല്‍പര്യങ്ങള്‍ മുന്നില്‍വെച്ച് ഈവക കാര്യങ്ങളില്‍ ഒരു പുനര്‍വിചിന്തനത്തിന് ഇസ്ലാമിക നിയമവിദഗ്ധരും പണ്ഡിതന്മാരും തയാറാവണമെന്ന ആഗ്രഹം പ്രകടിപ്പിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. മൂന്നു പതിറ്റാണ്ടുകാലമെങ്കിലും ശരീഅത്തിന് വേണ്ടിയുള്ള ആശയസമരത്തില്‍ പങ്കുവഹിക്കേണ്ടിവന്ന ഈ എളിയവന് അതിനുള്ള സ്വാതന്ത്ര്യമെങ്കിലും വകവെച്ചുതരുക. സംവാദങ്ങളില്‍ പങ്കാളികളായ എല്ലാവര്‍ക്കും കൃതജ്ഞത മാത്രം.

COURTESY: MADHYAMAM DAILY

Leave a Reply

Your email address will not be published. Required fields are marked *

Call Now Button