മഹാനടനായാലും വടി കൊടുത്ത് അടി വാങ്ങരുത്

നാലാളറിയുന്നയാളായാല്‍ എന്തിനെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാമെന്നും താന്‍ പറയുന്നതു വേദവാക്യമായി ഈ ഭൂമിമലയാളത്തിലെ മനുഷ്യജീവികളെല്ലാം ഏറ്റെടുക്കുമെന്നും വിശ്വസിക്കുന്ന ചില അല്‍പ്പാത്മാക്കളുണ്ട്. അതില്‍ സിനമാതാരങ്ങളുമുണ്ട്. അത്തരക്കാര്‍ സൂര്യനുകീഴിലെ സകലവസ്തുക്കളെയുംകുറിച്ചു പ്രതികരിച്ചുകൊണ്ടേയിരിക്കും.

താന്‍ പറയുന്നതാണ്, അതുമാത്രമാണു ശരിയെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണിവര്‍. അതുകേട്ടു കൈയടിക്കാന്‍ ന ിയോഗിക്കപ്പെട്ട ആജ്ഞാനുവര്‍ത്തികളാണു കേരളത്തിലെ ജനങ്ങളെന്നാണ് ഇവരുടെ ധാരണ. തങ്ങള്‍ പറയുന്നതില്‍ എത്രമാത്രം വിഡ്ഢിത്തമുണ്ടെന്ന് ഇത്തരക്കാര്‍ ചിന്തിക്കാറില്ല. എന്തിനുമേതിനും പ്രതികരിച്ചാല്‍ ജനം കൈയടിക്കുകയല്ല, ചെകിടുപൊട്ടുംവിധം തിരിച്ചു പ്രതികരിക്കുമെന്നും ഇത്തരം സെലിബ്രിറ്റികള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.
സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറെന്ന ആക്ഷേപഹാസ്യകഥാപാത്രത്തിലൂടെ ഇത്തരം അല്‍പ്പജ്ഞാനികളെ കശക്കിയെറിഞ്ഞയാളാണു നടനും സംവിധായകനുമായ ശ്രീനിവാസന്‍. ആ ശ്രീനിവാസനു നാക്കുപിഴച്ചപ്പോള്‍ സോഷ്യല്‍മീഡിയയില്‍നിന്ന് ഈയടുത്തു കണക്കിനു കിട്ടിയത് കേരളം മറക്കാറായിട്ടില്ല. ശ്രീനിവാസന്റെ വിജ്ഞാനപ്രദര്‍ശനം കാന്‍സര്‍ ചികിത്സയെക്കുറിച്ചായിരുന്നു. അലോപ്പതിയില്‍ കാന്‍സറിനു ചികിത്സയില്ലെന്നാണ് അദ്ദേഹം ‘ആധികാരികമായി’ എഴുതിയത്.
ഈ അഭിപ്രായം ശ്രീനിവാസനല്ല ആദ്യമായി പറയുന്നത്. പ്രകൃതിചികിത്സകരും മറ്റുമായ സമാന്തരചികിത്സകരില്‍ പലരും തങ്ങളുടെ ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിന്റെ മുന്നോടിയായി പറയുന്ന കാര്യമിതാണ്. മറ്റു മേഖലകളില്‍ അര്‍ബുദംപോലുള്ള രോഗങ്ങള്‍ക്കു ഫലപ്രദമായ ചികിത്സയുണ്ടെന്നു വിശ്വസിക്കുന്നവര്‍ അതിനു പിറകെ പോകട്ടെ. എന്നാല്‍, തങ്ങള്‍ക്ക് അറിവില്ലാത്ത ചികിത്സാമേഖലയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുമ്പോള്‍ സംഭവിക്കുന്നത് ജനം തെറ്റിദ്ധരിക്കപ്പെടുമെന്നതാണ്. അവര്‍ വഴിതെറ്റിക്കപ്പെടുമെന്നതുമാണ്. അത് അപകടമാണ്.
ശ്രീനിവാസനെപ്പോലുള്ളവര്‍ അലോപ്പതിയിലെ അര്‍ബുദരോഗത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അതു വിശ്വസിച്ചു ചില പ്രതികരണങ്ങളുണ്ടായി. അതിലുള്ള വിമര്‍ശനമായാണ് സോഷ്യല്‍മീഡിയ ‘ശ്രീനിനാസസംഹാരം’ നടത്തിയത്. കുറേനാള്‍ തലങ്ങും വിലങ്ങും വിമര്‍ശിച്ചു ശ്രീനിവാസനെ കുളിപ്പിച്ചുകിടത്താന്‍ സോഷ്യല്‍മീഡിയയ്ക്കായി. ശ്രീനിവാസവിരുദ്ധമായ അഭിപ്രായപ്രകടനങ്ങളുടെ രത്‌നച്ചുരുക്കം ഇതായിരുന്നു, ‘അറിയാത്ത കാര്യങ്ങള്‍ വിളിച്ചു കൂവിയാല്‍ ചൊറിയും.’
അതേ അനുഭവമാണ് ഇക്കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എന്ന നടനും ഉണ്ടായത്. അദ്ദേഹം അഭിനയത്തിന്റെ കാര്യത്തില്‍ മുടിചൂടാമന്നനായിരിക്കാം. അദ്ദേഹത്തിന്റെ മികവിനെ ആദരിച്ച് പുരസ്‌കാരങ്ങള്‍ പലതും വന്നുചേര്‍ന്നിരിക്കാം. അതൊക്ക നല്ല കാര്യം തന്നെ. എന്നുവച്ചു സകലകാര്യങ്ങളിലും സകലര്‍ക്കും ഉപദേശം നല്‍കാന്‍ മാത്രമുള്ള പാണ്ഡിത്യം ഈ നടനില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനത്തിനു സോഷ്യല്‍ മീഡിയ നല്‍കിയ മറുപടി. അലങ്കാരമായി കിട്ടിയ ലെഫ്. കേണല്‍ പദവി വച്ച് ഇന്ത്യന്‍ സമൂഹത്തെ മുഴുവന്‍ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരരുത് എന്നാണ് സോഷ്യല്‍ മീഡിയ മോഹന്‍ലാല്‍ എന്ന നടന് പ്രതികരണത്തിലൂടെ നല്‍കിയ ഉപദേശം.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംഭവിച്ചതു മുഴുവന്‍ രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും അതു ചെയ്തവരും അതിനെ അനുകൂലിച്ചവരും രാജ്യത്തോടു ക്രൂരതയാണു കാണിച്ചതെന്നുമാണല്ലോ മോഹന്‍ലാല്‍ പറഞ്ഞതിന്റെ പൊരുള്‍. അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെടുന്ന ധീരജവാന്മാര്‍ ശത്രുരാജ്യത്താലും ഭീകരവാദികളാലും കൊന്നൊടുക്കപ്പെടുമ്പോള്‍ രാജ്യത്തെ കാമ്പസ്സുകളില്‍ ഇത്തരം ദേശദ്രോഹപ്രവണതകള്‍ ഉയര്‍ന്നുവരുന്നതിലുള്ള മനോവിഷമമാണ് അദ്ദേഹം പങ്കുവയ്ക്കുന്നതെന്നാണ് അതു വായിച്ചാല്‍ മനസ്സിലാകുക.
ശരിയാണ്, രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെടുന്ന ജവാന്മാരെയും നാഥനില്ലാതെ പോകുന്ന അവരുടെ കുടുംബത്തെയും മറക്കുന്നത് അക്ഷന്തവ്യമാണ്. അത്തരം ധീരജവന്മാരോട് ആദരവു പ്രകടിപ്പിക്കുകയും അവരുടെ കുടുംബത്തിന് അത്താണിയൊരുക്കുയും ചെയ്യേണ്ടതാണ്.
എന്നാല്‍, അതിന്റെ പേരില്‍ ജെ.എന്‍.യു പ്രശ്‌നങ്ങള്‍ക്കെതിരേയുള്ള പ്രതികരണങ്ങളെയും സമരപരിപാടികളെയും രാജ്യദ്രോഹമായി ചിത്രീകരിക്കാന്‍ പാടുണ്ടോ? അഫ്‌സല്‍ ഗുരു അനുസ്മരണപരിപാടിക്കിടയില്‍ ഇന്ത്യാവിരുദ്ധവും പാക് അനുകൂലവുമായ മുദ്രാവാക്യം മുഴക്കിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം. അതേസമയം, മുദ്രാവാക്യം മുഴക്കിയതു വിദ്യാര്‍ഥികളാണെന്നു ഡല്‍ഹി പൊലിസ് പറയുമ്പോള്‍ അതല്ലെന്നു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
താനാണു അഫ്‌സല്‍ഗുരു അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചതെങ്കിലും ദേശവിരുദ്ധമായ ഒരു നടപടിയും തന്റെയോ സഹപ്രവര്‍ത്തകരുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന ഉമര്‍ ഖാലിദിന്റെ വാക്കുകള്‍ നമുക്കു കേള്‍ക്കാതിരിക്കാം. താന്‍ രാജ്യദ്രോഹക്കുറ്റം നടത്തിയിട്ടില്ലെന്ന കനയ്യകുമാറിന്റെ വാക്കുകളും അവഗണിക്കാം. പക്ഷേ, പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്, വിദ്യാര്‍ഥികളെ ദേശദ്രോഹികളാക്കി ചിത്രീകരിക്കാനെത്തിയ ‘മറ്റു ചിലരാണെന്ന’ തെളിവുകള്‍ എങ്ങനെ കണ്ണമടച്ചു തള്ളിക്കളയും?
കനയ്യ കുമാര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നു തെളിയിക്കാന്‍ പൊലിസ് ആശ്രയിക്കുന്ന സി.ഡി വ്യാജമാണെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ എങ്ങനെ അവഗണിക്കം? കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ കനയ്യകുമാറിനെ ഒരു സംഘം അഭിഭാഷകര്‍ തല്ലിച്ചതയ്ക്കുന്നതിന്റെയും തങ്ങള്‍ കനയ്യയെ തല്ലിച്ചതച്ചു മൂത്രമൊഴിപ്പിച്ചുവെന്ന അവരുടെ വെളിപ്പെടുത്തലുകള്‍ എങ്ങനെ കണ്ടില്ലെന്നു നടിക്കും?
ഇവയുടെ പശ്ചാത്തലത്തില്‍ ജെ.എന്‍.യുവില്‍ രാജ്യദ്രോഹപരമായി ഒന്നും സംഭവിച്ചില്ല എന്നു പറയണമെന്നില്ല, ആരോപിക്കപ്പെടുന്ന കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നെങ്കിലും സമ്മതിക്കേണ്ടതല്ലേ?
എന്നിട്ടും അറിയാത്ത കാര്യങ്ങളില്‍ ഉപദേശി ചമയാനാണ് മോഹന്‍ലാല്‍ ശ്രമിച്ചത്. അതിനുള്ള പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായത്.
അറിയാക്കാര്യങ്ങളില്‍ അഭിപ്രായം പറയുന്നവരെല്ലാം ഒരുകാര്യം ഓര്‍ക്കുന്നതു നന്ന്, സോഷ്യല്‍ മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാക്കാണ്.

Courtesy: SUPRABHATHAM DAILY

Leave a Reply

Your email address will not be published. Required fields are marked *

Call Now Button