‘ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു’

ബിരുദവിദ്യാര്‍ത്ഥി ബിലാല്‍ ഇബ്ന് ജമാലിന്റെ ഫേസ്ബുക്ക് കുറിപ്പ് :

” ഗുവാഹത്തി ( അസ്സാം ) യില്‍ നിന്ന് ചെന്നൈയിലെത്താന്‍ രണ്ട് രണ്ടര ദിവസമെടുക്കും. അവിടെ നിന്ന് കേരളത്തിലെത്താന്‍ ഒരു ദിവസം കൂടി.
നമ്മള്‍ ബംഗാളികള്‍ എന്ന പൊതുനാമത്തില്‍ വിളിക്കുന്ന ഉത്തരേന്ത്യയില്‍ നിന്നും വടക്കുകിഴക്കേ ഇന്ത്യയില്‍ നിന്നുമുള്ള തൊഴിലാളികള്‍ തിങ്ങി നിറഞ്ഞ ആ റെയില്‍ യാത്രയിലത്രെയും നിന്നും തറയിലിരുന്നുമാണ് ആ മനുഷ്യന്‍ സാക്ഷര കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്ത് വന്നിറങ്ങിയത്. പിന്നെയും ഒന്ന് രണ്ട് ദിവസം അയാള്‍ പണിയും ഭക്ഷണവുമില്ലാതെ കോട്ടയത്ത് അലഞ്ഞു. അവസാനദിനം വിശപ്പ് സഹിക്കാനാവാതെ എന്തോ കഴിക്കാന്‍ മോഷ്ടിച്ച അയാളെ കോട്ടയത്തെ സാക്ഷരമലയാളികള്‍ ഓടിച്ചിട്ട് തല്ലിക്കൊല്ലുകയാണുണ്ടായത്.
കള്‍ച്ചറലായി തങ്ങള്‍ക്കുള്ള ഹെജിമണിയില്‍ ഊറ്റം കൊള്ളുന്ന മലയാളികള്‍ അതെല്ലാം പെട്ടന്ന് മറക്കും.

ഇപ്പോള്‍ ഇതാ വീണ്ടും എന്റെ നാട്ടിലടക്കം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വീണ്ടും ക്യാമ്പയിനുകള്‍ നടക്കുന്നു.
ഭിക്ഷാടനത്തിനെതിരെ എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിനിപ്പോള്‍ വീടു കയറി സാധനങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്ന ഇതര സംസ്ഥാനക്കാരെയടക്കം ഉപരോധിക്കണം എന്ന തലത്തിലാണ് പ്രചാരണം നടക്കുന്നത്.

ചെറിയ കുട്ടികളെ സംരക്ഷിക്കാനാണെന്ന പേരിലാണ് ഇത്ര ഭീകരമായ വംശീയവിവേചന ക്യാമ്പെയിന്‍ നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നാണൊ ചെറിയ കുട്ടികളെ സംരക്ഷിക്കേണ്ടത് ?
കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് സ്വന്തം വീടകങ്ങളിലാണ്. ഞാന്‍ പരിചയപ്പെട്ട പെണ്‍ക്കുട്ടികളില്‍ തൊണ്ണൂറ് ശതമാനവും ജീവിതത്തിലെ ആദ്യ അതിക്രമം നേരിട്ടത് ചെറുപ്പത്തില്‍ സ്വന്തം വീടിനുള്ളില്‍ നിന്നാണ്.
ഇതെല്ലാം ഒരു വസ്തുതയായി നില്‍ക്കെയാണ് ഇതരസംസ്ഥാന തൊഴിലാളികളെ ഒന്നാകെ വന്‍പാപികളായി അവതരിപ്പിച്ചുകൊണ്ടുള്ള മലയാളി വംശീയത കൊടുമ്പിരി കൊള്ളുന്നത്.

ഇത് പ്രചരിപ്പിക്കുന്നതില്‍ സീപ്പിയെംകാരനെന്നോ പോപ്പുലര്‍ ഫ്രണ്ടുകാരനെന്നോ ജമാഅത്തെ ഇസ്ലാമിക്കാരനെന്നോ കോണ്‍ഗ്രസ്സുകാരനെന്നോ ഉള്ള ഒരു വിവേചനം കാണുന്നില്ല.

ഒന്ന് മനസ്സിലാക്കുക നിങ്ങളേക്കാള്‍ കൂടുതലോ കുറവോ അവര്‍ക്കില്ല. ”

Leave a Reply

Your email address will not be published. Required fields are marked *